1937-ൽ, ആദ്യമായി ഇലക്ട്രിക് മോട്ടോർ നിർമിച്ച് ഇന്ത്യയെ ഞെട്ടിച്ച മനുഷ്യൻ! 1921-ൽ ഒരൊറ്റ ബസുമായി ആരംഭിച്ച്, ചുരുങ്ങിയ കാലം കൊണ്ട് 280 ബസുകളുള്ള യുണൈറ്റഡ് മോട്ടോർ സർവീസസ് (യുഎംഎസ്) എന്ന സാമ്രാജ്യം സ്ഥാപിച്ച ദീർഘദർശിയായ വ്യവസായി! നിത്യജീവിതത്തിൽ നാം ഉപയോഗിക്കുന്ന പല സാങ്കേതികവിദ്യകളും ഇന്ത്യയിൽ ആദ്യമായി, തദ്ദേശീയമായി വികസിപ്പിച്ചെടുത്ത അതുല്യ ശാസ്ത്രപ്രതിഭ! ബ്രിട്ടീഷ് കന്പനികളെ വെല്ലുവിളിച്ച കരുത്തൻ! ജനം അദ്ദേഹത്തെ ഇന്ത്യൻ എഡിസൺ എന്നു വിളിച്ചു. തമിഴ്നാട് കോയന്പത്തൂരിലെ ചെറിയ ഗ്രാമത്തിൽ ജനിച്ചുവളർന്ന ഗോപാലസ്വാമി ദൊരൈസ്വാമി നായിഡു എന്ന ജി.ഡി. നായിഡുവിന്‍റെ ജീവിതം വിസ്മയസഞ്ചാരമാണ്!
വരും തലമുറകൾക്കായി ജി.ഡി. നായിഡുവിന്‍റെ ജീവിതം സിനിമയാകുകയാണ്. ജിഡിഎൻ - എന്നാണ് ചിത്രത്തിന്‍റെ പേര്. തമിഴകത്തിന്‍റെ പ്രിയതാരം ആർ. മാധവനാണ് ജി.ഡി. നായിഡുമായി പകർന്നാടുന്നത്. കോയന്പത്തൂരിൽ അതിഗംഭീരമായ ചടങ്ങിൽ ചിത്രത്തിന്‍റെ ട്രെയിലർ റിലീസ് ചെയ്തിരുന്നു. ചടങ്ങിൽ മാധവൻ പറഞ്ഞ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറി. അവാർഡ് അല്ല ലക്ഷ്യമെന്നും, കണ്ടുപിടിത്തങ്ങളുടെ രാജാവിന്‍റെ യഥാർഥജീവിതം സ്വന്തം നാട്ടുകാർ മനസിലാക്കണമെന്നുമാണ് മാധവൻ പറഞ്ഞത്.
ഗോപാലസ്വാമി ദൊരൈസ്വാമി നായിഡുവിന്‍റെ ജീവിതം വിസ്മൃതിയിലേക്കു മറയുന്നതല്ല. അറിവിന്‍റെ ആ വെളിച്ചം അനശ്വരമായി ജ്വലിച്ചുനിൽക്കും. ബ്രിട്ടീഷുകാർ ഇന്ത്യ ഭരിച്ചിരുന്നകാലത്ത് നിരവധി പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചാണ് അദ്ദേഹം ലോകം അറിയപ്പെടുന്ന പ്രതിഭയായി മാറിയത്. നിത്യജീവിതത്തിൽ നാം ഉപയോഗിക്കുന്ന പല ആധുനിക സാങ്കേതിക വിദ്യകളും രാജ്യത്ത് ആദ്യമായി, തദ്ദേശീയമായി വികസിപ്പിച്ചെടുത്ത, എന്നാൽ കാലത്തിന്റെ കുത്തൊഴുക്കിൽ വിസ്മൃതിയിലാണ്ടുപോയ പ്രതിഭയാണ് നായിഡു. കോയന്പത്തൂരിന്റെ സമ്പത്തികശിൽപ്പിയായും അറിയപ്പെടുന്ന അദ്ദേഹം, ശാസ്ത്ര-സാങ്കേതിക-വ്യവസായ മേഖലകളിൽ വിപ്ലവം സൃഷ്ടിച്ച അസാധാരണ വ്യക്തിത്വമായിരുന്നു.